മുംബൈ: ടാറ്റ മോട്ടോഴ്സ് ഒൗദ്യോഗികമായി ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്ന് പുനർനാമകരണം ചെയ്തു. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പുതിയ സ്ക്രിപ്റ്റ് ഐഡി ടിഎംപിവി (TMPV) എന്ന് കാണിക്കും.
ടാറ്റ മോട്ടോഴ്സ് സെപ്റ്റംബർ അവസാനത്തോടെ നടത്തിയ സുപ്രധാന പ്രഖ്യാപനമായിരുന്നു യാത്രാ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി പ്രത്യേകം കന്പനികൾ രൂപീകരിക്കുന്നുവെന്നത്. ഒക്ടോബർ 14നാണ് ടാറ്റ മോട്ടോഴ്സ് എന്ന കന്പനി പിരിഞ്ഞ് രണ്ട് സ്ഥാപനങ്ങളായത്. യാത്രാ വാഹനങ്ങൾക്കുള്ള കന്പനിയാണ് ഇന്നലെ മുതൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് എന്ന പുതിയ പേരിൽ അറിയപ്പെടുന്നത്. ഇതിന് പുതിയ ലോഗോയും നല്കിയിട്ടുണ്ട്.
ഇപ്പോൾ വേർപിരിഞ്ഞ വാണിജ്യ വാഹന ബിസിനസിന്റെ ഓഹരികൾ പിന്നീട് ബിഎസ്ഇ, എൻഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റയുടെ കാറുകൾ, എസ്യുവികൾ, ഇലക്ട്രിക് കാറുകൾ, ജാഗ്വർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവും ടിഎംപിവിയുടെ കീഴിലാകും.
ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾസ് ലിമിറ്റഡ് (ടിഎംഎൽസിവി) കന്പനിയുടെ കീഴിൽ ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ തുടങ്ങിയ വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന വാഹനങ്ങളുടെ നിർമാണവും വിപണനവുമാണ് വരുക. ടിഎംഎൽസിവിയുടെ ഓഹരികൾ നവംബറിൽ ബിഎസ്എയിലും എൻഎസ്ഇയിലും വ്യാപാരം ആരംഭിച്ചേക്കും.
കന്പനികൾ വിഭജിച്ചതോടെ ഓഹരി ഉടമകൾക്ക് അവരുടെ കൈവശമുള്ള ടാറ്റ മോട്ടോഴ്സ് ഓഹരികൾക്കു തുല്യമായ എണ്ണം രണ്ടു കന്പനികളിലും ലഭിക്കും.